തുർക്കിയൻ സൈനിക വിന്യാസത്തിൽ അതൃപ്തി; സിറിയയിലെ ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹുവിന്റെ ഓഫീസ്

തെൽഅവീവ്: സിറിയയിലെ അബു അൽ ദുഹൂർ സൈനിക താവളത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തെ ചൊല്ലി മേഖലയിൽ ആശങ്ക ശക്തമാകുന്നു. അലപ്പോയ്ക്ക് സമീപം തുർക്കിയൻ സൈനികരെ വിന്യസിക്കാൻ സിറിയ അനുമതി നൽകിയതാണ് ഇസ്രയേൽ നടപടിക്ക് കാരണമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനിക നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് എക്സിലൂടെ അറിയിച്ചത്. തുർക്കിയൻ സൈനിക സാന്നിധ്യം സംബന്ധിച്ച് സിറിയയ്ക്ക് നേരത്തെ തന്നെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലും സിറിയയും തമ്മിലുള്ള ധാരണകൾക്ക് വിരുദ്ധമാണ് ഇത്തരം വിന്യാസമെന്നും ഓഫീസ് ആരോപിച്ചു.

അതേസമയം, ഇസ്രയേൽ നടത്തിയ ആക്രമണത്തെ അമേരിക്ക വിമർശിച്ചു. സിറിയ-ഇറാഖ് വിഷയങ്ങളിലെ യു.എസ് പ്രത്യേക പ്രസിഡൻഷ്യൽ ഉദ്യോഗസ്ഥൻ ടോം ബറാക്ക്, ഇത്തരം സൈനിക നടപടികൾ മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ സഹായിക്കില്ലെന്ന് വ്യക്തമാക്കി. ഇസ്രയേലുമായുള്ള സംഘർഷം കുറയ്ക്കുന്നതിനായി സിറിയ അടുത്തിടെ നടത്തിയ ശ്രമങ്ങൾക്ക് ആക്രമണം തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതിന് പകരം ബന്ധപ്പെട്ട കക്ഷികൾ സംയമനം പാലിക്കുകയും ചർച്ചകൾ തുടരുകയും ചെയ്യുന്നതാണ് ഉചിതമെന്നാണ് അമേരിക്കയുടെ നിലപാടെന്നും ബറാക്ക് അറിയിച്ചു. സൈനിക നടപടികൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തെ സിറിയൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും ഭൂപ്രദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണ് ഇസ്രയേൽ നടത്തിയതെന്നാണ് സിറിയയുടെ ആരോപണം. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിലും പ്രതികരണങ്ങൾ ഉയർന്നു. ജോർഡനും ഖത്തറും ആക്രമണത്തെ അപലപിക്കുകയും സിറിയക്കെതിരായ ഇസ്രയേൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുർക്കിയയും വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *