ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ; യു.എസിനെതിരെ കൂടുതൽ കടുത്ത നിലപാടിലേക്ക് ടെഹ്‌റാൻ

ടെഹ്‌റാൻ: യു.എസുമായുള്ള ധാരണയിൽ കാലാവധി അവസാനിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കയുടെ സമ്മർദങ്ങൾക്കും അന്ത്യശാസനങ്ങൾക്കും വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ സൈനിക ഏറ്റുമുട്ടലിന്റെ സാധ്യതയും വർധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൈന്യം തയ്യാറാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) വ്യക്തമാക്കി.

ഇറാനെതിരെ ആക്രമണം ഉണ്ടായാൽ അമേരിക്കയ്ക്കും പ്രാദേശിക സഖ്യകക്ഷികൾക്കും തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഐ.ആർ.ജി.സിയുടെ മുന്നറിയിപ്പ്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്ന ആക്രമണങ്ങൾക്ക് വൈദ്യുതി, ഊർജം, സൈബർ മേഖലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രതികരണമുണ്ടാകുമെന്നും സേനാ നേതൃത്വം സൂചിപ്പിച്ചു.

സൈനിക നീക്കങ്ങൾ ശക്തമാക്കി

അമേരിക്കൻ സൈനികർ ഇറാൻ പ്രദേശത്തേക്ക് കടന്നുകയറുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാൻ പ്രതിരോധ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ തെക്കൻ തീരമേഖലയിലും ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശങ്ങളിലും പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

ഇതിനിടെ ഇറാന്റെ സൈനിക നേതൃത്വത്തിൽ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പരമോന്നത നേതാവ് മുജ്തബ ഖമേനി സൈനിക സംവിധാനത്തിൽ പുനഃസംഘടന നടത്തിയതായും അഹമ്മദ് വാഹിദിയെ ഐ.ആർ.ജി.സി കമാൻഡറായി നിയമിച്ചതായും റിപ്പോർട്ടുകളുണ്ട്. ദീർഘകാല സംഘർഷ സാഹചര്യങ്ങളെ നേരിടാൻ സൈനിക സംവിധാനത്തെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെ വിലയിരുത്തുന്നത്.

ഹോർമുസിൽ തുടരുന്ന അനിശ്ചിതത്വം

യു.എസ് തങ്ങളുടെ ബാധ്യതകൾ പൂർണമായി പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഒമാന്റെ മധ്യസ്ഥതയിൽ നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ കഴിയാത്തതാണ് പ്രതിസന്ധി നീളാൻ കാരണം.

അതേസമയം, ഹോർമുസിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കുമെന്നും ആവശ്യമായാൽ സൈനിക നടപടി സ്വീകരിക്കുമെന്നും യു.എസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭൂപ്രകൃതിയും തെക്കൻ മേഖലയിലെ സങ്കീർണമായ സാഹചര്യങ്ങളും നേരിട്ടുള്ള കരയുദ്ധം ബുദ്ധിമുട്ടേറിയതാക്കുമെന്നാണ് ഇറാൻ നേതൃത്വം അവകാശപ്പെടുന്നത്.

യുദ്ധം ഒഴിവാക്കുന്നതിനായി നയതന്ത്ര മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. ഇതോടെ ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ രൂപപ്പെടാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *