ഇറാനുമായുള്ള എല്ലാ വാണിജ്യ ഇടപാടുകളും നിർത്തി യു.എ.ഇ; ഇനിയൊരു അറിയിപ്പ് വരെ നിയന്ത്രണം

അബൂദബി: മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനുമായുള്ള സാമ്പത്തിക, വാണിജ്യ ഇടപാടുകൾക്ക് യു.എ.ഇ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനുമായുള്ള വ്യാപാര ഇടപാടുകളും ധനവിനിമയവും നടത്തില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രാദേശികവും അന്താരാഷ്ട്രവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാകുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ അഭ്യൂഹങ്ങളും അധികൃതർ നിഷേധിച്ചു.

ഇതിനിടെ യു.എ.ഇ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് രണ്ട് ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നുവെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളെ പ്രതിരോധിച്ചതായും അധികൃതർ വ്യക്തമാക്കി. ഇതിൽ ഒന്ന് യു.എ.ഇയുടെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് രാജ്യത്തിന്റെ അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്നും മന്ത്രാലയം അറിയിച്ചു. സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ.

എന്നാൽ യു.എ.ഇ ഉന്നയിച്ച മിസൈൽ ആക്രമണ ആരോപണം ഇറാൻ തള്ളിക്കളഞ്ഞു. യു.എ.ഇക്കെതിരെ ഇത്തരം ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി. അയൽരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദബന്ധത്തിനും മേഖലയിൽ വിശ്വാസം വളർത്താനുള്ള ശ്രമങ്ങൾക്കും ഇത്തരം ആരോപണങ്ങൾ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ ആരോപണങ്ങൾ ആവർത്തിക്കുന്നതിൽ നിന്ന് പ്രാദേശിക രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ബഖാഈ ആവശ്യപ്പെട്ടു. മേഖലയിൽ നിലവിലുള്ള സങ്കീർണമായ സാഹചര്യങ്ങൾക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളാണെന്നും ഇറാൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *