തിരുവനന്തപുരം: കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസുമായി പ്രതിക്ക് അടുത്തിടെ വരെ ബന്ധമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസിലും എളുപ്പത്തിൽ എത്താൻ കഴിയുന്ന വ്യക്തിയായിരുന്നു ഇയാളെന്നും ഗോവിന്ദൻ ആരോപിച്ചു.
രാജ്യാന്തര ബന്ധങ്ങളുള്ളതായി പറയപ്പെടുന്ന ലഹരിക്കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാത്തതും അദ്ദേഹം ചോദ്യം ചെയ്തു. ഈ നടപടിക്ക് പിന്നിൽ കൂടുതൽ ഗൗരവമായി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം ഇതിന് കാരണമാണെന്ന സംശയം ഉയരുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. സ്വന്തം ആളുകളിലേക്ക് അന്വേഷണം എത്തുമ്പോൾ നടപടികൾ ദുർബലമാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധമുള്ളവരുടെ വീടുകളിൽ നടന്ന ഇഡി പരിശോധനയെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. യഥാർഥ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരം റെയ്ഡുകളെന്നും സിപിഎം നേതാക്കളെ സംശയത്തിന്റെ നിഴലിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയമായ ലക്ഷ്യത്തോടെയുള്ള നടപടികളെ പാർട്ടി ശക്തമായി നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സംസ്ഥാനത്തെ വിലക്കയറ്റത്തിലും സർക്കാർ ഇടപെടലുകളിലും എം.വി. ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുകയാണെന്നും വിപണിയിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വില നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ സർക്കാർ ആ സംവിധാനത്തിൽ വീഴ്ച വരുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.












Leave a Reply