ബഷീർ കേസ് വീണ്ടും മാറ്റിവെച്ചു; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനായി കാത്ത് കോടതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരുമാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിചാരണ താൽക്കാലികമായി മാറ്റിവെക്കാൻ നിർദേശിച്ചത്.

അഡ്വ. സന്തോഷിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നിയമന ഉത്തരവ് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. ഉത്തരവ് ലഭിച്ചതിന് ശേഷമാകും കേസിലെ തുടർ വിചാരണ നടപടികൾ പുരോഗമിക്കുക.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറാണ് ബഷീറിനെ ഇടിച്ചതെന്നാണ് കേസ്. വാഹനത്തിന്റെ ഉടമ വഫ ഫിറോസായിരുന്നു. അപകടത്തിന് പിന്നാലെ വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി ആരോപണമുയർന്നിരുന്നു.

കേസിൽ ശ്രീറാം വെങ്കിട്ടരാമനാണ് ഏക പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *