ക്രോസ് വോട്ടിംഗ് തടയാൻ കോൺഗ്രസ് നീക്കം; ജൂൺ 18 വരെ എംഎൽഎമാർ റിസോർട്ടിൽ

ബെംഗളൂരു: രാജ്യസഭാ, എം.എൽ.സി തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ‘റിസോർട്ട് പൊളിറ്റിക്സ്’ സജീവമാകുന്നു. ക്രോസ് വോട്ടിംഗ് സാധ്യത ഒഴിവാക്കുന്നതിനായി കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇന്ന് വൈകിട്ട് ബിദടിയിലെ വണ്ടർല റിസോർട്ടിൽ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് എം.എൽ.എമാരെ അവിടെ തന്നെ താമസിപ്പിക്കുക. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാലയും പങ്കെടുക്കും.

കർണാടകയിൽ ഒഴിവുള്ള ഏഴ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയത്. ബി.ജെ.പി രണ്ട് സ്ഥാനാർഥികളെയും ജെ.ഡി.എസ് ഒരു സ്ഥാനാർഥിയെയും മത്സരിപ്പിക്കുന്നുണ്ട്. നിയമസഭയിലെ നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ നാല് സീറ്റുകളിൽ കോൺഗ്രസിന് വിജയസാധ്യത ഉറപ്പാണെങ്കിലും, ക്രോസ് വോട്ടിംഗ് സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.

ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്ക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ അസംതൃപ്തി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തി അഞ്ചാമത്തെ സ്ഥാനാർഥിയെയും വിജയിപ്പിക്കാനാകുമോയെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ജൂൺ 18-ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എം.എൽ.എമാർ റിസോർട്ടിൽ തുടരുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *