ചെന്നൈ: ഭരണകക്ഷിയായ ടി.വി.കെയിൽ ചേർന്ന വിമത എം.എൽ.എമാരുടെ രാജി അംഗീകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ എ.ഐ.എ.ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നാല് വിമത എം.എൽ.എമാരുടെ രാജി സ്വീകരിച്ച് ബന്ധപ്പെട്ട മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
എ.ഐ.എ.ഡി.എം.കെ വിപ്പ് അഗ്രി കൃഷ്ണമൂർത്തിയാണ് ഹരജി സമർപ്പിച്ചത്. നിയമപരമായ തർക്കം പരിഹരിക്കപ്പെടുന്നതുവരെ നാല് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്ത വിമത എം.എൽ.എമാർ പിന്നീട് നിയമസഭാംഗത്വം രാജിവച്ച് ഭരണകക്ഷിയിൽ ചേർന്നിരുന്നു. ഇവരുടെ രാജി അംഗീകരിച്ചതിലൂടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ ലക്ഷ്യവും ആത്മാവും തന്നെ ലംഘിക്കപ്പെട്ടുവെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ വാദം.
അയോഗ്യതാ ഹരജികൾ പരിഗണനയിലിരിക്കെ രാജി സ്വീകരിക്കുന്നത് നിയമസഭാംഗങ്ങൾക്ക് കൂറുമാറ്റ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ അവസരം നൽകുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അയോഗ്യതാ ഹരജികളിൽ ആദ്യം തീരുമാനമെടുക്കാൻ സ്പീക്കറോട് നിർദേശം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്വമേധയാ സമർപ്പിക്കുന്ന രാജി സ്വീകരിക്കണമോ നിരസിക്കണമോ എന്ന കാര്യത്തിൽ സ്പീക്കർക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടി.വി.കെ സർക്കാരിന് പിന്തുണ നൽകിയതിനെ തുടർന്ന് അണ്ണാ ഡി.എം.കെയിൽ വലിയ ഭിന്നത രൂപപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ച് നിരവധി എം.എൽ.എമാർ സർക്കാരിനെ പിന്തുണച്ചതിനെ തുടർന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. കേസിൽ ബുധനാഴ്ച മദ്രാസ് ഹൈക്കോടതി വാദം കേൾക്കും.













Leave a Reply