ന്യൂഡൽഹി: നീറ്റ് യു.ജി പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഡോ. മംഗള കോഹ്ലി നൽകിയ ഹർജിയിൽ, ചില പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായ ക്രമക്കേടിന്റെ പേരിൽ ദേശീയതലത്തിൽ നടന്ന മുഴുവൻ പരീക്ഷയും റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് വാദം.
ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്ത കേന്ദ്രങ്ങളിലെ പരീക്ഷ മാത്രം റദ്ദാക്കിയാൽ മതിയായിരുന്നുവെന്നും, ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും പുനപരീക്ഷ സംബന്ധിച്ച അറിയിപ്പും അസാധുവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീം കോടതി ഹർജി ഇന്ന് പരിഗണിച്ചേക്കും.
അതേസമയം, ജൂൺ 21-ന് നിശ്ചയിച്ചിരിക്കുന്ന പുനപരീക്ഷ ഒരുമാസത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യവുമായി 1,467 വിദ്യാർഥികൾ ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎയ്ക്ക് നിവേദനം നൽകി. പരീക്ഷ പെട്ടെന്ന് പ്രഖ്യാപിച്ചതിനാൽ മതിയായ തയ്യാറെടുപ്പിന് സമയം ലഭിച്ചില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. അഭിഭാഷകൻ വിനീത് ജിൻഡാൽ മുഖേനയാണ് നിവേദനം സമർപ്പിച്ചത്.
പുനപരീക്ഷ സുരക്ഷിതമായി നടത്താൻ സംസ്ഥാന സർക്കാരുകളുടെ പൂർണ സഹകരണം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താനും ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായി ടെലഗ്രാമിന് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 22 വരെ ആക്‌സസിന് നിയന്ത്രണം ഏർപ്പെടുത്തിയതോടൊപ്പം, സന്ദേശങ്ങൾ തിരുത്താനുള്ള ഫീച്ചറും ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന അവകാശവാദങ്ങൾ തട്ടിപ്പാണെന്നും എൻടിഎ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി.













Leave a Reply