ചെന്നൈ: കോൺഗ്രസിന്റെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി മുൻ സഖ്യകക്ഷിയായ ഡിഎംകെ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടുകയും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അവർക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് സഖ്യബന്ധങ്ങൾ തകരാൻ കാരണമായതെന്നാണ് ഡിഎംകെയുടെ ആരോപണം.
ഡിഎംകെയുടെ മുഖപത്രമായ ‘മുരശൊലി’യിലെ മുഖപ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടിൽ സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസ് തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നും, രാഹുൽ ഗാന്ധിയുടെ അറിവോടെയും പിന്തുണയോടെയുമാണ് ആ നീക്കങ്ങൾ നടന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
അടുത്തിടെ നടന്ന ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങളെ “വൈകിവന്ന തിരിച്ചറിവ്” എന്നാണ് മുരശൊലി വിശേഷിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം തകർത്തത് കോൺഗ്രസ് നേതൃത്വമാണെന്നും, ഇപ്പോൾ നേരിടുന്ന വിമർശനങ്ങൾക്ക് അതാണ് കാരണമെന്നും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളും മുഖപ്രസംഗത്തിൽ വിമർശനവിധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇടതുപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടിയതും പരാമർശിക്കപ്പെട്ടു.
മുന്നണി കക്ഷികളുടെ വിമർശനങ്ങളെ “വിഷം സഹിക്കുന്ന ശിവൻ” എന്ന ഉപമയിലൂടെ നേരിടാമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനും ഡിഎംകെ മറുപടി നൽകി. “പുരാണത്തിൽ ശിവൻ വിഷം കുടിച്ചത് ലോകത്തെ രക്ഷിക്കാനാണ്; ആ വിഷം ഉണ്ടാക്കിയത് ശിവനല്ല” എന്ന് മുരശൊലി കുറിച്ചു. ‘ഇന്ത്യ’ മുന്നണിയിൽ ഉണ്ടായ പ്രതിസന്ധികൾക്ക് ഉത്തരവാദി ആരാണെന്ന് രാജ്യം കാണുന്നുണ്ടെന്ന സൂചനയോടെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
കോൺഗ്രസും പ്രാദേശിക കക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഡിഎംകെയുടെ ഈ പ്രതികരണം ദേശീയ പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.













Leave a Reply