കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കങ്ങളിൽ പുതിയ ഭിന്നത പരസ്യമായി. വിമത എം.പിമാർ ‘നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’ (എൻ.സി.പി.ഐ)യിൽ ലയിക്കാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾക്കിടെ, തങ്ങൾക്ക് അത്തരമൊരു നീക്കമില്ലെന്ന് വിമത എം.എൽ.എമാർ വ്യക്തമാക്കി.
നിയമസഭയിലെ പ്രതിപക്ഷ നേതാവും വിമത എം.എൽ.എ വിഭാഗത്തിന്റെ മുഖ്യനേതാവുമായ ഋതബ്രത ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.സി.പി.ഐയിൽ ചേരുന്ന കാര്യത്തിൽ എം.എൽ.എമാർക്കിടയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് എം.പിമാരുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വിമത എം.പിമാർ എടുത്ത തീരുമാനം അവരുടെ കൂട്ടായ രാഷ്ട്രീയ നിലപാടായിരിക്കാമെങ്കിലും, നിയമസഭാ വിഭാഗം അതിനെ പിന്തുടരില്ലെന്ന് ഋതബ്രത ബാനർജി വ്യക്തമാക്കി. തൃണമൂലിന്റെ ആകെയുള്ള 80 എം.എൽ.എമാരിൽ 64 പേരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, സുദീപ് ബന്ദോപാധ്യായുടെ നേതൃത്വത്തിലുള്ള 20 വിമത എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സമീപിച്ച് സഭയിൽ പ്രത്യേക ബ്ലോക്കായി അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൻ.സി.പി.ഐയിൽ ലയിക്കുന്നതിലൂടെ കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് രക്ഷപ്പെടാമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ എം.പിമാരും എം.എൽ.എമാരും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതോടെ തൃണമൂൽ വിമത ക്യാമ്പിനുള്ളിലെ അഭിപ്രായ ഭിന്നത കൂടുതൽ വ്യക്തമായിരിക്കുകയാണ്. വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായി കപിൽ സിബലും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ, സംസ്ഥാന സർക്കാർ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ഭരണത്തിനും വികസന പ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്ന നിലപാടാണ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.













Leave a Reply