സമാധാനം: വെള്ളിയാഴ്ച കരാറിൽ ഒപ്പുവെക്കും; സ്ഥിരീകരിച്ച് ഇറാനും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ധാരണയായി. യു.എസും ഇറാനും തമ്മിൽ ഒരു “സമാധാന കരാറിൽ” എത്തിയതായും അത് “നിലവിൽ” ഉണ്ടെന്നും വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. “ഇറാനുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായി,” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹുർമുസ് കടലിടുക്കിലെ ഇറാനെതിരായ യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു.

ഇറാനെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള പ്രാഥമിക ധാരണയിലെത്തിയതായി ഇറാനിയൻ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ലബനാൻ ഉൾപ്പെടെ എല്ലാ മുന്നണികളിലെയും യുദ്ധവും സൈനിക നടപടികളും തിങ്കളാഴ്ച രാത്രി മുതൽ ശാശ്വതമായി അവസാനിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. എണ്ണവില കുറയാൻ കാരണമായ ഒരു പ്രാഥമിക കരാറാണിത്.

മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ധാരണ ആദ്യം പ്രഖ്യാപിച്ചത്. “ലെബനൻ ഉൾപ്പെടെ എല്ലാ സൈനിക നടപടികളും ഉടനടി സ്ഥിരമായി അവസാനിപ്പിക്കണമെന്ന്” കരാറിൽ നിർദേശിക്കുന്നതായി എക്‌സിലെ ഒരു പോസ്റ്റിൽ ഷെരീഫ് പറഞ്ഞു. ധാരണ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഹോർമുസ് കടലിടുക്കിലെ വാഷിംഗ്ടണിന്റെ നാവിക ഉപരോധം പിൻവലിക്കാനുള്ള കരാറിനെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. സമാധാന കരാറിന്റെ ഭാഗമായി മേഖലയിൽ 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കും. തുടർന്ന് ഇറാന്റെ യുറേനിയം ശേഖരം അടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കും. കരാറിൽ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല.

പരസ്പരം ആക്രമണം അവസാനിപ്പിക്കണമെന്ന ട്രംപിന്റെയും മറ്റുള്ളവരുടെയും ആഹ്വാനങ്ങൾ അംഗീകരിക്കാതെ ഇസ്രായേൽ ലബനാനിൽ ആക്രമണം തുടർന്നത് ചർച്ചകളിൽ തടസ്സമായിരുന്നു. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *