തെഹ്‌റാൻ: യു.എസ്-ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഖത്തറിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഞായറാഴ്ച തെഹ്‌റാനിലെത്തി. കരാർ അന്തിമമാക്കുന്നതിനും ഇറാനെ ധാരണയിലേക്ക് എത്തിക്കുന്നതിനുമായി നയതന്ത്ര സമ്മർദം ശക്തമാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ നേതൃത്വത്തിനുള്ളിൽ തന്നെ കരാറിന്റെ വ്യവസ്ഥകളെച്ചൊല്ലി അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ ഇടപെടൽ. അമേരിക്കയുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിക്കെതിരെ രാജ്യത്തിനുള്ളിൽ ചില വിഭാഗങ്ങൾ വിമർശനം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സമാധാന ധാരണയിൽ വെർച്വൽ രീതിയിൽ ഒപ്പുവെക്കുമെന്ന് അമേരിക്കയും മധ്യസ്ഥത വഹിക്കുന്ന പാകിസ്താനും സൂചന നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗിക സമ്മതം അറിയിച്ചിട്ടില്ല. കരാർ സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും ഇറാൻ ഭരണകൂടത്തിന്റെ ഉന്നതതല ചർച്ചകളിലാണെന്നാണ് വിവരം.
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, സംഘർഷം അവസാനിപ്പിക്കൽ, ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കൽ, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്ര ധാരണാപത്രമാണ് ചർച്ചയിലുള്ളത്.
അതിനിടെ, യു.എസ്-ഇറാൻ പ്രതിനിധികൾ തമ്മിൽ ഇന്ന് ഒരു വെർച്വൽ യോഗം നടക്കുമെന്നാണ് അൽ അറബിയ്യ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനും ഖത്തറും മധ്യസ്ഥരായി പങ്കെടുക്കുന്ന ഈ യോഗത്തിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കരാർ യാഥാർഥ്യമായാൽ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുക, ഇറാനെതിരായ ചില ഉപരോധങ്ങൾ ലഘൂകരിക്കുക, തുടർന്ന് ആണവ വിഷയങ്ങളിൽ പ്രത്യേക ചർച്ചകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, സംഘർഷം അവസാനിപ്പിക്കുന്നതും ലെബനനുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതുമാണ് നിലവിലെ ചർച്ചകളിൽ ഇറാൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. വിദേശ ബാങ്കുകളിലും രാജ്യാന്തര സംവിധാനങ്ങളിലുമായി തടഞ്ഞുവച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ വിട്ടുകിട്ടുന്നത് ഏതൊരു കരാറിന്റെയും അവിഭാജ്യ ഘടകമായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
















Leave a Reply