അസാധാരണ സംഭവങ്ങൾ, സുന്ദർ പിച്ചൈ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി; ഗൂഗിൾ സിഇഒയ്ക്ക് നേരെ വൻ പ്രതിഷേധം

കാലിഫോർണിയ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രസംഗിക്കാൻ വേദിയിലെത്തിയതിന് തൊട്ടുപിന്നാലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്‍റെ വിവാദ കരാറിനെതിരെ സ്റ്റാൻഫോർഡ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ നൂറിലധികം വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്‌കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. 2026ലെ ബിരുദദാന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിനായി സുന്ദർ പിച്ചൈ സ്റ്റേജിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, സ്റ്റേഡിയത്തിലെ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ നൂറിലധികം വിദ്യാർത്ഥികൾ “ഫ്രീ, ഫ്രീ പലസ്തീൻ” എന്ന മുദ്രാവാക്യം വിളികളോടെ പുറത്തേക്ക് പോയി. ഇസ്രായേൽ സർക്കാരും ആമസോണും ഗൂഗിളും തമ്മിലുള്ള 1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയായ ‘പ്രോജക്റ്റ് നിംബസിനെതിരെയുള്ള’ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ ചടങ്ങ് ബഹിഷ്കരിച്ചത്. ഗാസയിലെ നിലവിലെ സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ സൈനിക-ഭരണകൂട നടപടികൾക്ക് ഈ പ്രോജക്റ്റ് സഹായകരമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ‘സ്റ്റാൻഫോർഡ് സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ’ ആഴ്ചകൾക്ക് മുൻപ് തന്നെ ഈ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.

പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ച് സുന്ദർ പിച്ചൈ

സമീപകാലത്ത് മറ്റ് സാങ്കേതിക പ്രമുഖർ തങ്ങളുടെ പ്രസംഗങ്ങളിൽ ‘എഐ’ എന്ന വിഷയം പരാമർശിച്ചപ്പോൾ വിദ്യാർത്ഥികളിൽ നിന്ന് വലിയ രീതിയിൽ കൂവൽ നേരിടേണ്ടി വന്നിരുന്നു. ഇത് മുൻകൂട്ടി കണ്ട് സുന്ദർ പിച്ചൈ തന്‍റെ പ്രസംഗത്തിൽ എഐയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. പകരം, ജീവിതത്തിലെ ശുഭാപ്തിവിശ്വാസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

“എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസം തിരഞ്ഞെടുക്കുക,” അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. “ഇന്നത്തെ വാർത്തകൾ കാണുമ്പോൾ നമ്മൾ ജീവിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളികൾ നിറഞ്ഞ കാലത്താണെന്ന് തോന്നിയേക്കാം. എന്നാൽ ഓരോ തലമുറയും അവരുടേതായ രീതിയിൽ കടുത്ത പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെന്ന കാര്യം ഓർക്കുന്നത് നല്ലതാണ്. ഏത് സാഹചര്യത്തിലേക്കാണ് നമ്മൾ ബിരുദം നേടി ഇറങ്ങുന്നത് എന്ന് തിരഞ്ഞെടുക്കാൻ നമുക്ക് കഴിയില്ല, എന്നാൽ ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കും.” സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് തന്നെ മാസ്റ്റേഴ്സ് ബിരുദം നേടിയ പിച്ചൈ, തന്റെ പഴയ ക്യാമ്പസ് കാലഘട്ടത്തെക്കുറിച്ചും അക്കാദമിക് രംഗം വിട്ട് കോർപ്പറേറ്റ് മേഖലയിലേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഓർമ്മകൾ പങ്കുവെച്ചു.

പ്രസംഗത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന സുന്ദർ പിച്ചൈയോട് ബിബിസി മാധ്യമപ്രവർത്തകൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും അദ്ദേഹം പൂർണ്ണമായി മൗനം പാലിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖം തിരിച്ച് അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *