‘കോടതിയെ വഞ്ചിച്ചിട്ടില്ല’; 1.8 ബില്യൺ ഡോളർ ഫണ്ട് വിവാദത്തിൽ വിശദീകരണവുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ ആഭ്യന്തര റവന്യൂ സർവീസിനെ (ഐ.ആർ.എസ്)തിരെ നടത്തിയ നിയമനടപടികളിലൂടെ തനിക്കോ തന്റെ രാഷ്ട്രീയ അനുയായികൾക്കോ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായി നിഷേധിച്ചു. രാഷ്ട്രീയ വേട്ടയാടലിന്റെ ഇരകൾക്ക് സഹായം നൽകുമെന്ന പേരിൽ 1.8 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാൻ ട്രംപ് ശ്രമിച്ചുവെന്നും, അതിനായി സ്വന്തം ഭരണകൂടത്തിന് കീഴിലുള്ള ഒരു സർക്കാർ ഏജൻസിക്കെതിരെ ഒത്തുകളി കേസ് ഫയൽ ചെയ്തുവെന്നുമാണ് വിമർശകരുടെ ആരോപണം.

എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയോ വഞ്ചിക്കുകയോ ചെയ്യാനുള്ള ശ്രമം ഒരിക്കലും നടത്തിയിട്ടില്ലെന്നും ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച പുതിയ രേഖകളിൽ വ്യക്തമാക്കി.

ട്രംപിന്റെ നികുതി വിവരങ്ങൾ നിയമവിരുദ്ധമായി മാധ്യമങ്ങൾക്ക് ചോർന്നെന്നാരോപിച്ച് ഐ.ആർ.എസ്‌ക്കെതിരെ അദ്ദേഹം നൽകിയ 10 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാരക്കേസ് യഥാർഥ നിയമപോരാട്ടമായിരുന്നുവെന്നാണ് പ്രതിരോധഭാഗത്തിന്റെ വാദം. സർക്കാർ ഏജൻസികളുമായി ഒത്തുതീർപ്പുകളിൽ ഏർപ്പെടാൻ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നിയമപരമായ അധികാരമുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.

ട്രംപിനെ വിമർശിച്ച മുൻ ഫെഡറൽ ജഡ്ജിമാർ ഉന്നയിച്ച ആരോപണങ്ങൾ വെറും അനുമാനങ്ങളുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും, കോടതിയെ വഞ്ചിക്കാനോ കേസ് അട്ടിമറിക്കാനോ ശ്രമിച്ചെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും നിയമസംഘം ചൂണ്ടിക്കാട്ടി.

മിയാമിയിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി കാത്‌ലീൻ വില്യംസ് നിലവിൽ കേസ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടോയെന്ന് വിലയിരുത്തുകയാണ്. സ്വന്തം സർക്കാരിനെതിരെ ഒരു പ്രസിഡന്റിന്റെ നിയമനടപടിയും തുടർന്ന് ഉണ്ടായ ഒത്തുതീർപ്പും അമേരിക്കൻ രാഷ്ട്രീയ-നിയമ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായി രൂപീകരിക്കാനിരുന്ന ഫണ്ട് ട്രംപിന്റെ രാഷ്ട്രീയ അനുയായികൾക്കും ജനുവരി 6 ക്യാപിറ്റോൾ സംഭവത്തിൽ ഉൾപ്പെട്ടവർക്കും സാമ്പത്തിക സഹായമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഉയർത്തിയിരുന്നു.

വിവാദം ശക്തമായതോടെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ യു.എസ് കോൺഗ്രസിനെ അറിയിച്ചിരുന്നു. ഫണ്ട് പദ്ധതി താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും, ഒത്തുതീർപ്പിന്റെ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച ചർച്ചകളും ഹർജികളും അമേരിക്കൻ കോടതികളിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *