ഇന്തോനേഷ്യയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം; സർക്കാരിന്റെ ധൂർത്തിനെതിരെ തെരുവിലിറങ്ങി യുവാക്കൾ

ജക്കാർത്ത: ഇന്തോനേഷ്യയിൽ സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നു. പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ഭരണനയങ്ങൾക്കും സർക്കാർ ചെലവുകൾക്കുമെതിരെ നൂറുകണക്കിന് വിദ്യാർത്ഥികൾ തലസ്ഥാനമായ ജക്കാർത്തയിൽ പ്രതിഷേധ പ്രകടനം നടത്തി.

സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെ ചില പദ്ധതികൾ പിൻവലിക്കണമെന്നും ഇന്ധനവില വർധന നിയന്ത്രിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് വർധിച്ചുവരുന്ന ജീവിതച്ചെലവും പ്രതിഷേധത്തിന് കാരണമായതായി വിദ്യാർത്ഥികൾ വ്യക്തമാക്കി.

മാസങ്ങളായി തുടരുന്ന പൊതുജന അസന്തോഷത്തിനിടെയാണ് പുതിയ പ്രതിഷേധം നടന്നത്. ജക്കാർത്തയിലെ ഹോട്ടൽ ഇന്തോനേഷ്യ റൗണ്ട്ബൗട്ടിലേക്ക് നീങ്ങിയ മാർച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. ചില പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ സാധനങ്ങൾ എറിയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഇന്ധനവില വർധന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും സാധാരണക്കാർ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുകയാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം നടത്താനുള്ള അവകാശം ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രസിഡന്റിന്റെ പ്രധാന പദ്ധതികളായ സൗജന്യ ഭക്ഷണപദ്ധതിയും വില്ലേജ് കോ-ഓപ്പറേറ്റീവ് പദ്ധതിയും റദ്ദാക്കുക, ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കുക, സർക്കാർ ധൂർത്ത് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചത്.

പ്രതിഷേധത്തിനിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അടുത്തിടെ ഇന്ധനവിലയിൽ ഉണ്ടായ വലിയ വർധനയും സൗജന്യ ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *