തെഹ്റാൻ: ഹുർമുസ് കടലിടുക്കിന് സമീപം പലാവു പതാകയുമായി സഞ്ചരിച്ചിരുന്ന ‘എം.ടി സെറ്റെബെല്ലോ’ എണ്ണക്കപ്പലിന് നേരെയുണ്ടായ അമേരിക്കൻ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് അമേരിക്കയ്‌ക്കെതിരെ ഇറാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര കപ്പൽഗതാഗത സുരക്ഷയ്ക്കും നാവിക സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് ഇറാൻ ആരോപിച്ചു.
ഇത് ഒരു സാധാരണ സൈനിക ആക്രമണമല്ലെന്നും ‘സായുധ കവർച്ചയും ഭരണകൂട കടൽക്കൊള്ളയും’ ആണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടികൾക്ക് അമേരിക്കയെ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
മൂന്ന് ഇന്ത്യൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ വാണിജ്യ കപ്പലിന് നേരെയുള്ള ആക്രമണം അമേരിക്കയുടെ സായുധ കവർച്ചാ നയത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ബഖായ് പറഞ്ഞു. ആക്രമണത്തിൽ മരിച്ച ഇന്ത്യൻ നാവികരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ഇന്ത്യൻ ജനതയുടെയും സർക്കാരിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘എം.ടി സെറ്റെബെല്ലോ’ ടാങ്കറിന് നേരെയാണ് ഒമാൻ തീരത്തിനടുത്ത് അമേരിക്കൻ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം കാണാതായ മൂന്ന് ഇന്ത്യൻ നാവികർ പിന്നീട് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു.
സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡൽഹിയിലെ മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതിഷേധം അറിയിക്കുകയും ചെയ്തു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും മേഖലയിലെ സംഘർഷം ഉടൻ ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സിവിലിയൻ കപ്പലുകളെയും നാവികരെയും അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും പ്രതികരിച്ചു. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, കപ്പൽ വിലക്കുകൾ ലംഘിച്ച് ഇറാനിയൻ എണ്ണ കടത്തുകയായിരുന്നുവെന്നും മുന്നറിയിപ്പുകൾ പാലിക്കാതിരുന്നതിനാലാണ് നടപടി സ്വീകരിച്ചതെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
















Leave a Reply