മാസപ്പടി കേസ്: സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് ഇഡിയുടെ നോട്ടീസ്, വീണയുടെ ചോദ്യം ചെയ്യല്‍ നാളെ

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലിലെ ജീവനക്കാര്‍ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിടയുണ്ട്. പിണറായി വിജയന്റെ വസതിയടക്കമുള്ള ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ ടി നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിട്ടുണ്ട്.

സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്തയുൾപ്പെടെ ഒമ്പത് പേർക്കാണ് ആദ്യഘട്ട നോട്ടീസ് നല്‍കിയിരിക്കുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് ലഭിച്ച പണവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകാനാണ് വീണ തൈക്കണ്ടിക്ക് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയ കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സിഎംആര്‍എലില്‍ നിന്ന് വീണയ്ക്ക് 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയും ലഭിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. വെള്ളിയാഴ്ച കൊച്ചി സോണല്‍ ഓഫീസില്‍ രേഖകള്‍ സഹിതം വീണ ഹാജരാകണം. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, അഞ്ജു റേച്ചല്‍ കുരുവിള എന്നിവരടക്കമുള്ള ജീവനക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ശശിധരന്‍ കര്‍ത്ത തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.

നേരത്തെ 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 242 അക്കൗണ്ടുകളിലായി 18 കോടിയിലധികം രൂപ മരവിപ്പിച്ചിരുന്നു. ഇതില്‍ ധനലക്ഷ്മി ബാങ്കിലും എച്ച്.ഡി.എഫ്.സി ബാങ്കിലുമുള്ള വീണയുടെ മൂന്ന് അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. ഈ അക്കൗണ്ടുകള്‍ വഴിയാണ് വീണയും കരിമണല്‍ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നത്. എക്സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകള്‍ അന്വേഷണത്തിനായി ഇഡിക്ക് കൈമാറാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ രേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. റെയ്ഡിനിടെ വീണ നല്‍കിയ പ്രാഥമിക മൊഴിയും നിലവില്‍ ലഭ്യമായ തെളിവുകളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *