‘വിലക്കയറ്റം എനിക്ക് ഇഷ്ടമാണ്’; ഇറാൻ യുദ്ധത്തിനിടെയുണ്ടായ ട്രംപിന്റെ വിവാദ പരാമർശം

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക സാമ്പത്തിക സമ്മർദം നേരിടുന്നതിനിടെ, വിലക്കയറ്റത്തെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള പരാമർശവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. യു.എസിലെ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിന് മുകളിലെത്തിയതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുദ്ധം അവസാനിച്ചാൽ വിലനിലവാരം വീണ്ടും താഴുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് മെയ് മാസത്തിൽ അമേരിക്കയിൽ രേഖപ്പെടുത്തിയത്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.

ഇന്ധനവിലയും വിലക്കയറ്റവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട്, യു.എസ് ഉപരോധങ്ങളെ മറികടന്ന് ഹുർമുസ് കടലിടുക്കിലൂടെ രഹസ്യമായി എണ്ണ ടാങ്കറുകൾ കടത്തിവിടാനുള്ള പദ്ധതിക്ക് താൻ അനുമതി നൽകിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ഈ നീക്കം സാമ്പത്തികമായി ഗുണകരമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഹുർമുസ് കടലിടുക്ക് അടച്ചതോടെയാണ് ആഗോളതലത്തിൽ ഇന്ധനത്തിന്റെയും വളത്തിന്റെയും വില ഉയർന്നത്.

അതേസമയം, പണപ്പെരുപ്പം തുടരുന്നത് യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് വിലക്കയറ്റവുമായി ബന്ധപ്പെട്ട ജനങ്ങളുടെ അസംതൃപ്തി തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. വിലക്കയറ്റം കുറയ്ക്കുമെന്ന വാഗ്ദാനമാണ് ട്രംപിന്റെ തിരിച്ചുവരവിന്റെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൊന്ന്. എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ ജനപ്രീതി സർവേകളിൽ താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തപ്പെടുന്നത്.

ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. അതിനാൽ വരും ആഴ്ചകളിൽ എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയാലും വിതരണ ശൃംഖല പൂർവസ്ഥിതിയിലാകാൻ സമയം ആവശ്യമായേക്കുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, യുദ്ധം മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയേക്കാൾ ഇറാൻ ആണവായുധം കൈവശപ്പെടുത്തുന്നത് തടയുക എന്നതാണ് തന്റെ പ്രധാന പരിഗണനയെന്ന് ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *