ഇറാനിൽ വ്യോമാക്രമണവുമായി അമേരിക്ക, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

വാഷിങ്ടൻ/തെഹ്റാൻ: ഒമാൻ തീരത്ത് യു.എസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് പിന്നാലെ ഇറാനെതിരെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. ഹുർമുസ് കടലിടുക്കിന് സമീപം യു.എസ് സൈന്യം സ്വയം പ്രതിരോധ ആക്രമണങ്ങൾ ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റകോം) സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ദ്വീപുകളിലും ഹോർമോസ്ഗാൻ പ്രവിശ്യയുടെ കിഴക്കൻ മേഖലകളായ സിറിക്, മിനാബ് എന്നിവിടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹെലികോപ്റ്റർ തകർത്തതിന് പിന്നിൽ തങ്ങളല്ലെന്ന് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥ കാരണം ഇത്തരം അപകടങ്ങൾ സ്വാഭാവികമാണെന്നും യു.എസ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെഹ്റാൻ വ്യക്തമാക്കി.

തങ്ങളുടെ അത്യാധുനിക ഹെലികോപ്റ്ററുകളിലൊന്ന് ഇറാൻ വെടിവച്ചിട്ടതാണെന്നും ഇതിന് ഒരൊറ്റ രാത്രികൊണ്ട് തന്നെ യു.എസ് സൈന്യം ശക്തമായ മറുപടി നൽകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

‘ശക്തമായി പ്രതികരിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. അവർ ഞങ്ങളുടെ ഹെലികോപ്റ്റർ വെടിവച്ചിട്ടു, അതിനുള്ള മറുപടിയാണ് ഇപ്പോൾ നൽകുന്നത്’ – ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു.

തകർന്ന ഹെലികോപ്റ്ററിലെ പൈലറ്റുമാരെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി യു.എസ് അധികൃതർ അറിയിച്ചു. കടലിൽ യു.എസ് സൈന്യം നടത്തുന്ന ആദ്യത്തെ ഡ്രോൺ ബോട്ട് രക്ഷാപ്രവർത്തനമായിരുന്നു ഇതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി. ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ യു.എസ് സൈന്യം ഹോർമുസ് കടലിടുക്കിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിൽ നിലനിൽക്കുന്ന യു.എസ്-ഇറാൻ തർക്കം ഇതോടെ പുതിയൊരു യുദ്ധമുഖത്തേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. വരും മണിക്കൂറുകളിൽ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകൾ പശ്ചിമേഷ്യൻ സമാധാന അന്തരീക്ഷത്തിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *