കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടി അൻസിബ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ രംഗത്തെത്തിയിരുന്നു. ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനിയുടേതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇപ്പോൾ ലക്ഷ്മി പ്രിയക്കും വനിതാ എസ്‌ഐക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി. വ്യാജപരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബക്കെതിരെ ലക്ഷ്മി പ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ നേരത്തെ പറഞ്ഞിരുന്നു. അമ്മ സംഘടനയുടെ ഫെബ്രുവരി 14-ന് നടന്ന കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലി ഉണ്ടായ ആഭ്യന്തര തർക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്ന തരത്തിൽ ഇപ്പോൾ വളർന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബസംഗമത്തിന്റെ സ്പോൺസറായി എത്തിയത്. ഒരു മതസ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോൺസറാകുന്നതിനെ അൻസിബ ഹസൻ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പലരും എതിർത്തിരുന്നു. ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാർ പ്രസിഡന്റായ ക്ഷേത്രമാണിത്. കുടുംബസംഗമത്തിന് പിന്നാലെ അൻസിബ സംഘടനയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളും ജോലി സംബന്ധമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തന്റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അൻസിബ വ്യക്തമാക്കി.
താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം മോശം കഥകൾ സൃഷ്ടിക്കാറുണ്ടായിരുന്നുവെന്നും, താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിരുന്നുവെന്നും അൻസിബ ആരോപിച്ചിരുന്നു. തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മയ്ക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അൻസിബ പരാതി നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ നേരത്തെ പ്രതികരിച്ചിരുന്നു. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് നൽകാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ”, ടിനിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
















Leave a Reply