ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു. ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസിന്റെ ഡഫെറിൻ ഡിറ്റാച്ച്മെന്റിലെ കോൺസ്റ്റബിൾ തരുൺ ബലിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ വടക്കൻ ഒന്റാറിയോയിലുള്ള ഹേഴ്സ്റ്റ് മേഖലയ്ക്ക് സമീപം കേസന്വേഷണത്തിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു. മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടയാളാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് തരുൺ ബലിയെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് പിന്നീട് ജീവൻ രക്ഷിക്കാനായില്ല.
മരിച്ച തരുൺ ബലി പഞ്ചാബ് വംശജനാണ്. രണ്ടര വർഷമായി ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അശോക് ബലി, നീന ബലി ദമ്പതികളുടെ മകനാണ്. പഞ്ചാബിലെ നങ്കൽ സ്വദേശികളായിരുന്ന കുടുംബം പിന്നീട് കാനഡയിലെ ടൊറന്റോയിലേക്ക് കുടിയേറിയിരുന്നു. പഞ്ചാബ് വംശജയും കാനഡയിലെ താമസക്കാരിയുമായ കോമളാണ് തരുണിന്റെ ഭാര്യ. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പൊലീസിനെ ആക്രമിച്ചതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കോൺസ്റ്റബിൾ തരുൺ ബലി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടുവെന്ന വാർത്ത അതീവ ദുഃഖകരമാണെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് കമ്മീഷണർ തോമസ് കാരിക്കെ എക്സിലൂടെ അറിയിച്ചു. മറ്റുള്ളവരെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ധീരതയും സമർപ്പണവും എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തരുൺ ബലിയുടെ മരണവാർത്ത തന്നെ ഏറെ ദുഃഖിപ്പിച്ചതായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും പ്രതികരിച്ചു. അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ പ്രവിശ്യയ്ക്കും വലിയ നഷ്ടമാണെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
















Leave a Reply