ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; തുടർനടപടികൾ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ ഹസൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് അവർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ടിനി ടോമിനെതിരായ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമേ തീരുമാനമുണ്ടാകൂവെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. അൻസിബയുടെ മൊഴിപകർപ്പ് എ.സി.പിക്കും ഡി.സി.പിക്കും കൈമാറിയിട്ടുണ്ട്. നടി നീനാ കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനും മേലുദ്യോഗസ്ഥരുടെ അനുമതി തേടാനാണ് തീരുമാനം.

അതേസമയം, പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്ത പക്ഷം കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി. ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുകയും വർഗീയ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് വേട്ടയാടുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും അൻസിബ ആരോപിക്കുന്നു.

അമ്മ സംഘടനയുടെ ഫെബ്രുവരി 14-ന് നടന്ന കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടുണ്ടായ ആഭ്യന്തര തർക്കമാണ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ സ്പോൺസറായിരുന്നത്. ഒരു മതസ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോൺസർ ആകുന്നതിനെതിരെ അൻസിബ ഹസൻ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ടി.ജി. നന്ദകുമാർ പ്രസിഡന്റായ ക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. കുടുംബ സംഗമത്തിന് ശേഷം അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളും ജോലി സംബന്ധമായ തിരക്കുകളുമാണ് രാജിക്കു പിന്നിലെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ വിശദീകരണം. എന്നാൽ തന്റെ രാജിക്ക് കാരണമായത് ടിനി ടോം ആണെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തി.

താൻ ആരുമായി സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം വ്യാജ കഥകൾ പ്രചരിപ്പിച്ചിരുന്നുവെന്നും, ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയിരുന്നുവെന്നും അൻസിബ ആരോപിച്ചു. തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അൻസിബ പരാതി നൽകിയിട്ടുണ്ട്. ഈ പരാതി മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.

ടിനി ടോം തനിക്കെതിരെ മാത്രമല്ല, ഒരു സമൂഹത്തോടാകെ അനീതി ചെയ്തുവെന്നായിരുന്നു അൻസിബയുടെ പ്രതികരണം. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ”, ടിനിക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *