പാക് വ്യോമാക്രമണം; അഫ്ഗാനിൽ 13 മരണം, കൊല്ലപ്പെട്ടവരിൽ 11 കുട്ടികൾ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ, ഖോസ്റ്റ്, പക്തിക പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി. 11 കുട്ടികളും ഒരു സ്ത്രീയും ഒരു വയോധികനുമാണ് മരണപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് എക്സിൽ കുറിച്ചു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടി.ടി.പി എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാനിലെ പോരാളികളെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. സ്പെര ജില്ലയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥൻ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.

പക്തിക പ്രവിശ്യയിലെ ബർമൽ ജില്ലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഹസൻ ഖേൽ മേഖലയിലെ സുരക്ഷാ പോസ്റ്റിന് നേരെ ടി.ടി.പി നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ വ്യോമാക്രമണം നടന്നത്. ഖൈബർ പഖ്തൂൻഖ്വയിലെ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2021ൽ താലിബാൻ രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. പാകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാൻ അതിർത്തി കടന്ന് ആക്രമണം നടത്തിയതിനെ തുടർന്ന് ഫെബ്രുവരി അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നു.

2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 372 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.

മാർച്ചിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇരുവിഭാഗവും ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്.

പാകിസ്താനിൽ മാരകമായ ആക്രമണങ്ങൾ നടത്തുന്ന സായുധസംഘങ്ങൾക്ക് താലിബാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ ഈ ആരോപണം അഫ്ഗാനിസ്ഥാൻ നിഷേധിക്കുന്നു. പകരം, പാകിസ്താൻ വിഘടനവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുകയും അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ മാനിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് അഫ്ഗാനിസ്ഥാന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *