വെടിനിർത്തൽ ചർച്ചകൾക്കിടെ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം; 14 മരണം

ബൈറൂത്: വെടിനിർത്തൽ ചർച്ചകളും നയതന്ത്ര ഇടപെടലുകളും തുടരുന്നതിനിടെ തെക്കൻ ലബനാനിൽ ഇസ്രായേൽ സൈനിക നടപടി ശക്തമാക്കി. തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജനവാസ മേഖലകളും ഹിസ്ബുല്ലയുമായി ബന്ധമുള്ളതായി കരുതുന്ന കേന്ദ്രങ്ങളുമാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളായതെന്നാണ് വിവരം. നബാത്തിയ നഗരത്തിൽ നടന്ന ഡ്രോൺ ആക്രമണം വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്. കഫർസിർ ടൗണിലും ഇസ്രായേൽ സൈന്യം വ്യാപക റെയ്ഡ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.

സൂർ മേഖലയിലെ അൽ-അബ്ബാസിയ, അൽ-റമാദിയ പ്രദേശങ്ങൾക്കും നേരെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ആക്രമണം നടന്നതെന്നും നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, ആക്രമണങ്ങൾക്ക് പിന്നാലെ തെക്കൻ അതിർത്തി മേഖലയിലൂടെ മുന്നേറാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല ശക്തമായ തിരിച്ചടി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കും ടാങ്കുകൾക്കും നേരെ റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല വക്താക്കൾ അറിയിച്ചു. ലബനാൻ മണ്ണിലേക്ക് കടന്നുകയറാനുള്ള ഏത് ശ്രമവും ശക്തമായി പ്രതിരോധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

ലബനാനെതിരായ മുൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ മേഖലയിലെ സംഘർഷാവസ്ഥ നേരത്തെ തന്നെ രൂക്ഷമാക്കിയിരുന്നു. തുടർന്ന് ആക്രമണം താൽക്കാലികമായി നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്ന ഇറാൻ, ലബനാനെതിരായ പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

ഇറാന്റെ മുന്നറിയിപ്പുകൾക്കിടയിലും ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ വ്യാപകമായ സൈനിക ഏറ്റുമുട്ടലിനും മേഖലാതല സംഘർഷത്തിനും സാധ്യത വർധിച്ചെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുകയാണ്. സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *