വാഷിങ്‌ടൺ: തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ എൻ.ബി.സി ന്യൂസിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തക ക്രിസ്റ്റൻ വെൽക്കറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട വെൽക്കറുടെ ചോദ്യങ്ങളാണ് സംഘർഷാവസ്ഥയ്ക്ക് വഴിവെച്ചത്. തുടർന്ന് അഭിമുഖം പൂർത്തിയാക്കാതെ ട്രംപ് പരിപാടിയിൽ നിന്ന് പിന്മാറിയതായാണ് റിപ്പോർട്ടുകൾ.
കാലിഫോർണിയയിലെ വോട്ടെണ്ണൽ നടപടികൾ വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചർച്ച ആരംഭിച്ചത്. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുദിവസമായിട്ടും ഫലം പ്രഖ്യാപിക്കാൻ കഴിയാത്തത് ശരിയാണോ?’ എന്ന് ട്രംപ് ചോദിച്ചു. ഇതിന് മറുപടിയായി, കാലിഫോർണിയയിൽ വോട്ടെണ്ണൽ പ്രക്രിയ സാധാരണയായി ഇത്തരത്തിലാണെന്നും നടപടികൾ വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നും വെൽക്കർ വിശദീകരിച്ചു. ഇതിന് പിന്നാലെ, ‘അവർ തട്ടിപ്പ് നടത്തുന്നതുകൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത്’ എന്ന് ട്രംപ് ആരോപിച്ചു.
ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുണ്ടോ എന്ന് വെൽക്കർ ചോദിച്ചതിന്, ‘അതൊക്കെ എനിക്ക് നോക്കിയാൽ കാണാം, ഞാൻ ജനങ്ങളുടെ അഭിപ്രായം കേൾക്കാറുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് വെൽക്കർ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയതോടെ ഇരുവരും തമ്മിലുള്ള വാദപ്രതിവാദം കൂടുതൽ കടുത്തു.
തുടർന്ന് ക്രിസ്റ്റൻ വെൽക്കറെയും എൻ.ബി.സിയെയും കൂടാതെ എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളെയും ട്രംപ് ‘ക്രുക്കഡ്’ (അഴിമതിക്കാർ) എന്ന് വിശേഷിപ്പിച്ചു. ‘നിങ്ങൾ ഒന്നുകിൽ ക്രുക്കഡ് ആണ്, അല്ലെങ്കിൽ മണ്ടിയാണ്.
ഇത്തരം അസംബന്ധങ്ങൾ പറഞ്ഞ് നിങ്ങൾ അവരുടെ (തട്ടിപ്പുകാരുടെ) കൈകളിലേക്ക് കളിക്കുകയാണ്’,- ട്രംപ് പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ ‘മൂന്നാം ലോകരാജ്യത്തോട്’ ഉപമിച്ച അദ്ദേഹം,‘എനിക്ക് മതിയായി, നന്ദി ഡാർലിങ്, ബാക്കി നിങ്ങൾ തന്നെ നോക്കിക്കോളൂ’ എന്ന് പറഞ്ഞ് അഭിമുഖം അവസാനിപ്പിച്ചു.
അഭിമുഖത്തിനായി ദീർഘദൂര യാത്ര നടത്തിയ കാര്യം വെൽക്കർ ചൂണ്ടിക്കാട്ടിയപ്പോൾ, താനും പല സാഹചര്യങ്ങളിലും കാത്തിരുന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ട്രംപ് പ്രതികരിച്ചു.
മാധ്യമപ്രവർത്തകരുമായുള്ള ട്രംപിന്റെ ഏറ്റുമുട്ടലുകൾ മുമ്പും വാർത്തയായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സി.എൻ.എൻ റിപ്പോർട്ടർ കെയ്‌റ്റ്‌ലൻ കോളിൻസിനോടും ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.
സി.എൻ.എൻ സ്ഥാപനത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ട്രംപ്, കോളിൻസിനെ വ്യക്തിപരമായും വിമർശിച്ചിരുന്നു. ജനുവരി ആറിലെ കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നപ്പോഴും ട്രംപ് മാധ്യമങ്ങളോട് കടുത്ത നിലപാടാണ് സ്വീകരിച്ചത്.
















Leave a Reply