‘പ്രിയദർശിനിക്ക്’ ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം. മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചുവെന്നും ചിട്ടി ചേരാൻ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ സാമ്പത്തിക ബാധ്യതയിൽ ആകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. അതേസമയം ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുത്തില്ല. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സൗജന്യ യാത്ര ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസ് ഉള്ളത് മലപ്പുറത്താണ്. ഓർഡിനറിയും ടിടിയും ഉൾപ്പെടെ ആകെ 87 ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതൽ സ്ത്രീകളുള്ള മലപ്പുറത്ത് സർവീസുകൾ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *