കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പയ്യോളി തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന ഒമ്പത് വയസുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയിൽ ഷിഗെല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ വൈദ്യോപദേശം തേടുകയും ചികിത്സ കൃത്യമായി തുടരുകയും വേണം. വ്യക്തിശുചിത്വം കർശനമായി പാലിക്കുന്നതും രോഗവ്യാപനം തടയാൻ നിർണായകമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പഴകിയ ഭക്ഷണപദാർഥങ്ങൾ, ശുദ്ധീകരിക്കാത്ത കുടിവെള്ളം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ജില്ലയിൽ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ജാഗ്രത തുടരുന്നതിനൊപ്പം കോളറ സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നുണ്ട്. ആരോഗ്യവകുപ്പ് വിവിധ മേഖലകളിൽ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കിയിരിക്കുകയാണ്.
മുൻപ് ഷിഗെല്ല ബാധയെ തുടർന്ന് തലക്കുളത്തൂർ സ്വദേശിയായ നാലര വയസുകാരി മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രോഗലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.














Leave a Reply