ശബരിമല യുവതീപ്രവേശനം: എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ തള്ളി പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും അന്നത്തെ എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.

പത്മകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരു വസ്തുതയും ഇല്ലെന്നും അത്തരത്തിലുള്ള സംഭവം നടന്നിട്ടില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “പത്മകുമാർ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതിനെക്കുറിച്ച് എനിക്ക് അറിയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്മകുമാർ ആത്മകഥയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, “ആത്മകഥ എഴുതട്ടെ. അതിൽ ഒരു തടസവും ഇല്ല,” എന്നായിരുന്നു പിണറായിയുടെ മറുപടി.

അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഭരണനേതൃത്വത്തിലെ ഒരു ഉന്നതന്റെ ഇടപെടലിനെ തുടർന്നാണ് താനും ചില ഉദ്യോഗസ്ഥരും സന്നിധാനത്ത് നിന്ന് മാറ്റിനിർത്തപ്പെട്ടതെന്ന നിലപാടാണ് പത്മകുമാർ അടുത്തിടെ പങ്കുവെച്ചത്. ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പാർട്ടി നടപടി നേരിടുന്ന വ്യക്തിയാണ് പത്മകുമാറെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് താൻ മറുപടി പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. കൂടുതൽ വിശദീകരണം ആവശ്യമുള്ളവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *