പരാജയത്തിന്‍റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം; ബെംഗളൂരുവിൽ സി.ജെ.പി പ്രതിഷേധത്തിൽ താനുമുണ്ടാവുമെന്ന് പ്രകാശ് രാജ്

ചെന്നൈ: നീറ്റ് പേപ്പർ ചോർച്ച കേസ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തുന്ന പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കും. വൈകീട്ട് 4.30നാണ് പ്രതിഷേധ സംഗമം.

ബി.ജെ.പിയെയും മോദിയെയും അതിരൂക്ഷമായി വിമർശിക്കുന്ന നടൻ, ഡൽഹിയിൽ നടക്കുന്ന സി.ജെ.പിയുടെ ആദ്യ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണം തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു. അതേസമയം ബെംഗളൂരു പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പ്രകാശ് രാജും സി.ജെ.പിയും സ്ഥിരീകരിച്ചു.

“ഈ പ്രസക്തമായ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ഞാൻ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയാണ്. ദയവായി ഞങ്ങളോടൊപ്പം ചേരുക, നമ്മുടെ ശബ്ദം ഉയർത്താനും സർക്കാരിന്റെ പരാജയത്തിന് അവരെ ഉത്തരവാദികളാക്കാനും,” പ്രകാശ് രാജ് എക്സിൽ കുറിച്ചു.

പരീക്ഷാ ക്രമക്കേടുകളും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി രാജ്യമെമ്പാടും പ്രകടനങ്ങൾ നടത്തിവരികയാണ്. ജൂൺ ആറിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വൻ പ്രകടനത്തിന് ശേഷമാണ് ബെംഗളൂരു പ്രതിഷേധം. ജൂൺ 11ന് മഹാരാഷ്ട്രയിലെ പൂനെയിലും ജൂൺ 12ന് ഉത്തർപ്രദേശിലെ ലഖ്നൗവിലും ജൂൺ 13ന് പഞ്ചാബിലെ അമൃത്സറിലും പ്രതിഷേധങ്ങൾ നടന്നിരുന്നു.

ഞായറാഴ്ച രാവിലെ തെലങ്കാനയിലെ ഹൈദരാബാദിലും സി.ജെ.പി പ്രതിഷേധം നടത്തും. ആക്ടിവിസ്റ്റ് സോനം വാങ്ചുക് ഹൈദരാബാദിൽ നടക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അമൃത്സർ പ്രതിഷേധത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ സംസാരിച്ചിരുന്നു. “ജൂൺ 20ന് നമ്മളെല്ലാവരും ഡൽഹിയിലേക്ക് പോകുകയും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ അവിടെ തമ്പടിക്കുകയും ചെയ്യും,” എന്ന് അദ്ദേഹം പറഞ്ഞു. “ജയിലിൽ പോകാൻ ഭയപ്പെടേണ്ടതില്ല. യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ, എന്നെയും ജയിലിൽ അടയ്ക്കുമെന്ന് കരുതിയിരുന്നു.” നീറ്റ്, സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് നീതി നൽകുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *