ടെലിവിഷൻ താരം സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: ഹിന്ദി ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ നടിയായ സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഫാനിൽ സാരി ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 30 വയസായിരുന്നു.

ഇന്നലെ വൈകുന്നേരം 6.30നും 7.30നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. സഹോദരിയുടെയും മാതാപിതാക്കളുടെയും കൂടെയായിരുന്നു സഞ്ചിത താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ജനപ്രിയ ഹിന്ദി പരമ്പരയായ ‘കുങ്കും ഭാഗ്യ’യിലൂടെയാണ് സഞ്ചിത ഉഗാലെ ശ്രദ്ധ നേടിയത്. ദംഗൽ ടിവിയിൽ സംപ്രേഷണം ചെയ്ത ‘സാജൻ ഘർ’, ‘ദിൽവാലി ദുൽഹ ലേ ജായേഗി’ തുടങ്ങിയ സീരിയലുകളിലും അവർ അഭിനയിച്ചിരുന്നു.

ടെലിവിഷൻ രംഗത്തിന് പുറമെ സിനിമയിലും സാന്നിധ്യമറിയിച്ച സഞ്ചിത, വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന ചിത്രത്തിൽ താരാബായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സഞ്ചിതയുടെ അപ്രതീക്ഷിത വേർപാട് ടെലിവിഷൻ-സിനിമ മേഖലകളിൽ ദുഃഖത്തിന് ഇടയാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *