ജമ്മുവിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ച നിലയിൽ

ജമ്മു: ജമ്മു പലൗരയിലെ ബി.എസ്.എഫ് ക്യാമ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിയായ എ.എസ്.ഐ ലാൽ സിങ്ങാണ് ഇന്ന് രാവിലെ മരിച്ചത്. സർവീസ് റൈഫിൾ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു.

വിവരമറിഞ്ഞ് ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലാൽ സിങ് ജീവനൊടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു മാസത്തെ അവധിക്ക് ശേഷം ഇന്നലെയാണ് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ മാസം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ബംഗ്ലാദേശി കള്ളക്കടത്തുകാർ കൊല്ലപ്പെട്ടിരുന്നു. നബീർ ഹുസൈൻ (40), മുഹമ്മദ് മുർസലിൻ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപുരയിലെ സിപാഹിജാല ജില്ലയിലെ ‘സീറോ പോയിന്റിന്’ സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങൾ ബി.എസ്.എഫ് ശനിയാഴ്ച ബംഗ്ലാദേശ് അധികൃതർക്ക് കൈമാറി. സംഭവത്തെത്തുടർന്ന് അതിർത്തി പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

കള്ളക്കടത്തുകാർ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് സാധനങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പട്രോളിങ് നടത്തുകയായിരുന്ന ബി.എസ്.എഫ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഉദ്യോഗസ്ഥർ ഇവരെ തടയുകയും അതിർത്തിയിലേക്ക് നീങ്ങരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച സംഘം ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയാൻ തുടങ്ങിയതായാണ് വിവരം. ഉദ്യോഗസ്ഥർ ആദ്യം സംയമനം പാലിക്കുകയും സംഘത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും സ്ഥിതി അക്രമാസക്തമായതോടെ ആത്മരക്ഷാർഥം കള്ളക്കടത്തുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ ഔദ്യോഗികമായി ബംഗ്ലാദേശിന് കൈമാറി.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ ഈ സംഭവം ഒരിക്കൽ കൂടി അടിവരയിടുന്നു. 4000 കിലോമീറ്ററിലധികം വരുന്ന അതിർത്തിയിൽ ശക്തമായ നിരീക്ഷണമുണ്ടെങ്കിലും നുഴഞ്ഞുകയറ്റം, മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയവ ആശങ്കയായി തുടരുന്നു. ഓരോ വർഷവും അതിർത്തി രക്ഷാസേനയുടെ വെടിയേറ്റ് നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *