പൊലീസും പൊലീസാകാൻ വന്നവരും തീർത്തത് യുദ്ധക്കളം; ഒരു ട്രെയിൻ അടിച്ച് തകർത്ത് പരീക്ഷാർത്ഥികൾ, ലാത്തിച്ചാർജ്ജും കണ്ണീർവാതകവും

പാറ്റ്ന: ബിഹാറിലെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധം പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ സംഘർഷത്തിലും പരക്കെ അക്രമത്തിലും കലാശിച്ചു. ആവശ്യത്തിന് യാത്രാസൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രിയോടെയാണ് നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ സ്റ്റേഷനിൽ തടിച്ചുകൂടി ട്രെയിനുകൾ തടയുകയും കല്ലേറ് നടത്തുകയും ചെയ്തത്. സംഘർഷം നിയന്ത്രണാതീതമായതോടെ റെയിൽവേ സ്റ്റേഷൻ യുദ്ധക്കളമായി മാറി.

പരീക്ഷ എഴുതാൻ വിവിധ ജില്ലകളിൽ നിന്നായെത്തിയ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളികളോടെ ട്രെയിൻ ഗതാഗതം പൂർണ്ണമായി തടസപ്പെടുത്തുകയായിരുന്നു. പരീക്ഷാർത്ഥികൾക്കായി പ്രത്യേകം ഏർപ്പെടുത്തിയ എക്സാം സ്പെഷ്യൽ ട്രെയിൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. ട്രെയിനുകളുടെ എമർജൻസി ചെയിൻ നിരന്തരം വലിച്ച് സർവീസുകൾ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. ട്രാക്ക് ഒഴിഞ്ഞുപോവാൻ തയ്യാറാകാതെ പ്രതിഷേധക്കാർ പോലീസിന് നേരെ കനത്ത കല്ലേറ് നടത്തി.

ഇതേതുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർക്കേണ്ടിയും വന്നു. കല്ലേറിൽ പാറ്റ്ന റേഞ്ച് ഇൻസ്പെക്ടർ ജനറൽ (ഐജി) ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുനൂറ്റമ്പതോളം വരുന്ന വിദ്യാർത്ഥികൾ റെയിൽവേ ട്രാക്ക് ഉപരോധിച്ച് ട്രെയിനുകൾ തടഞ്ഞതായും അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസിനെതിരെ തിരിഞ്ഞ് കല്ലെറിയുകയായിരുന്നു എന്നും ഐജി ജിതേന്ദ്ര റാണ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ പുറത്തുവന്ന ദൃശ്യങ്ങളിൽ സ്റ്റേഷൻ പരിസരമാകെ കല്ലുകൾ ചിതറിക്കിടക്കുന്ന നിലയിലും റെയിൽവേ സ്വത്തുക്കൾ വ്യാപകമായി തകർക്കപ്പെട്ട നിലയിലുമാണ് കാണപ്പെടുന്നത്. അക്രമത്തിന് പിന്നിൽ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ ചില സാമൂഹിക വിരുദ്ധരാണെന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ത്യാഗരാജൻ വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ ആവശ്യപ്രകാരം സ്പെഷ്യൽ ട്രെയിനുകൾ സ്റ്റേഷനിൽ സജ്ജമാക്കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ മുപ്പത്തിയെട്ട് ജില്ലകളിലായി ഞായറാഴ്ച നടക്കാനിരിക്കുന്ന ബിഹാർ പോലീസ് പ്രൊഹിബിഷൻ, ജയിൽ വാർഡർ, മൊബൈൽ സ്ക്വാഡ് കോൺസ്റ്റബിൾ എഴുത്തുപരീക്ഷയ്ക്ക് മുന്നോടിയായാണ് ഈ വൻ സംഘർഷം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *