തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുകിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിലാണ് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് താൻ കഴിയുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിരുന്നുവെന്നും അതേസമയം പ്രതിപക്ഷ നേതാവിന് അനുവദിക്കപ്പെടുന്ന കന്റോൺമെന്റ് ഹൗസ് ഇതുവരെ കൈമാറിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
“ആകാവുന്നത്ര വേഗം ക്ലിഫ് ഹൗസ് ഒഴിഞ്ഞുനൽകി. മുഖ്യമന്ത്രി എപ്പോൾ അവിടെ താമസം മാറുമെന്ന് അറിയില്ല. അറ്റകുറ്റപ്പണികൾ അവിടെയും ആവശ്യമായി വരും. എന്നാൽ കന്റോൺമെന്റ് ഹൗസ് ലഭിക്കാത്തതിനാൽ എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ട സാഹചര്യമാണുള്ളത്,” പിണറായി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് ഒഴിഞ്ഞുനൽകിയ പിണറായി വിജയൻ നിലവിൽ തിരുവനന്തപുരത്തെ താൽക്കാലിക വാടകവീട്ടിലാണ് താമസിക്കുന്നത്. കന്റോൺമെന്റ് ഹൗസ് കൈമാറുന്നതും തുടർന്ന് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതും വൈകുന്നതാണ് താമസം മാറൽ നീളാൻ കാരണമെന്നാണ് സൂചന.














Leave a Reply