ദില്ലി: പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രൂപപ്പെട്ട ആഭ്യന്തര കലഹം പിളർപ്പിലേക്ക് നീങ്ങുന്നു. വിമത എംപിമാർ ഇന്ന് ദില്ലിയിൽ നിർണായക യോഗം ചേരും. ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും വിമതരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭയിൽ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. ബിജെപിയുടെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
പശ്ചിമ ബംഗാൾ നിയമസഭയിൽ 58 വിമത തൃണമൂൽ എംഎൽഎമാർ പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും അതിന് സ്പീക്കറുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഇതേ മാതൃക ലോക്സഭയിലും ആവർത്തിക്കാനാണ് വിമതരുടെ ശ്രമം. പാർട്ടിയുടെ അധികാരം മമത ബാനർജിയുടെ അനന്തരവനും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരായ പ്രതിഷേധമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
പാർട്ടിയിൽ വൻ പുനഃസംഘടന
പ്രതിസന്ധിക്കിടെ പാർട്ടി നേതൃത്വത്തോട് അകലുകയും വിമതപക്ഷത്തേക്ക് നീങ്ങുകയും ചെയ്ത നേതാക്കളെ ഒഴിവാക്കി മമത ബാനർജി തൃണമൂൽ കോൺഗ്രസിൽ വൻ പുനഃസംഘടന നടപ്പാക്കി. ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തി. വിമതരായി മാറിയ നേതാക്കളെ വിവിധ പദവികളിൽ നിന്ന് നീക്കുകയും ചെയ്തു.
സായോനി ഘോഷിനെയും സുദീപ് ബന്ദോപാധ്യായയെയും ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മഹുവ മൊയ്ത്ര, ബിമൻ ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
പാർട്ടിയുടെ പോഷക സംഘടനകളിലും ജില്ലാ ഘടകങ്ങളിലുമടക്കം വ്യാപകമായ മാറ്റങ്ങളാണ് നടപ്പാക്കിയത്. അർണബ് ബാനർജിയെ സംസ്ഥാന തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. ന്യൂനപക്ഷ സെൽ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തെരഞ്ഞെടുത്തതായി പാർട്ടി നേതൃത്വം അറിയിച്ചു.
വിമതരുടെ നീക്കങ്ങളും നേതൃത്വത്തിന്റെ അഴിച്ചുപണിയും ശക്തമായതോടെ തൃണമൂൽ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.















Leave a Reply