തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് സിപിഎം ബഹിഷ്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സിപിഎമ്മിന്റെ നിലപാട് “വിനാശകാലേ വിപരീതബുദ്ധി” എന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സിപിഎം സ്വീകരിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും, കുറച്ചുകാലം കഴിഞ്ഞാൽ അവർ തന്നെ ഈ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് ഗുണകരമായ ഒരു പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ എതിർക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി എല്ലാ എംഎൽഎമാർക്കും നിർദേശം നൽകിയതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.
സൗജന്യ യാത്രാ പദ്ധതി സംബന്ധിച്ച് സർക്കാർ ആദ്യം നൽകിയ വാഗ്ദാനങ്ങളും ഇപ്പോൾ നടപ്പാക്കുന്ന സംവിധാനവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് സിപിഎമ്മിന്റെ വിമർശനം. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഏത് ഭാഗത്തേക്കും സൗജന്യ യാത്ര സാധ്യമാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, നിലവിൽ പരിമിതമായ ഓർഡിനറി ബസുകളിലാണ് ആനുകൂല്യം ലഭ്യമാക്കുന്നതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.
മലബാർ മേഖലയിലെ പല റൂട്ടുകളിലും ഓർഡിനറി ബസുകൾ വളരെ കുറവാണെന്നും, അതിനാൽ പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ഒരുപോലെ പ്രയോജനപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിപിഎം വിമർശിക്കുന്നു.
ജൂൺ 15 രാവിലെ 8.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 9 മണി മുതൽ സ്ത്രീകൾക്ക് സീറോ ടിക്കറ്റ് അടിസ്ഥാനത്തിൽ സൗജന്യ യാത്ര ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ വരുമാനപരിധിയോ പ്രായപരിധിയോ ഉൾപ്പെടെയുള്ള പ്രത്യേക നിബന്ധനകളില്ലാതെ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.














Leave a Reply