തിരുവനന്തപുരം: പതിവ് ലുക്കിൽ നിന്ന് വ്യത്യസ്തമായി കണ്ണടയില്ലാതെ വാർത്താസമ്മേളനത്തിനെത്തി ശ്രദ്ധനേടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖത്ത് എപ്പോഴും കാണാറുള്ള കണ്ണട ഇല്ലാതിരുന്നതാണ് മാധ്യമപ്രവർത്തകരുടെ ശ്രദ്ധ ആദ്യം ആകർഷിച്ചത്.
വാർത്താസമ്മേളനം ആരംഭിച്ച ഉടൻ തന്നെ ‘കണ്ണട ഉപേക്ഷിച്ചോ?’ എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തി. ചിരിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ മറുപടി. അടുത്തിടെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും അതിന് ശേഷം കണ്ണടയില്ലാതെ തന്നെ വ്യക്തമായി വായിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഡോക്ടറെ കണ്ട് നടത്തിയ പരിശോധനയിൽ ഇനി കണ്ണട ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചതായും അതിനാലാണ് കണ്ണട പൂർണമായും ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് സംസ്ഥാനത്തെ നിപ സാഹചര്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് ആവശ്യമായ ഏകോപനം ഇല്ലെന്നും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചിതറിയ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അധികൃതരുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളെ അകറ്റിനിർത്തുന്ന സമീപനം ശരിയല്ലെന്നും മുൻകാലങ്ങളിൽ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയായിരുന്നു ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ നടപടിയെയും അദ്ദേഹം വിമർശിച്ചു.
വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുകിട്ടാത്ത വിഷയവും അദ്ദേഹം പരാമർശിച്ചു. ഔദ്യോഗിക സൗകര്യങ്ങൾ ലഭിക്കാത്തതിനാലാണ് എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടിവന്നതെന്നും പിണറായി വിജയൻ പറഞ്ഞു.















Leave a Reply