പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തനിക്കെയും എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പാർട്ടി നടപടി നേരിടുന്ന വ്യക്തിയാണ് പത്മകുമാറെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് താൻ മറുപടി പറയേണ്ട ആവശ്യമില്ലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെങ്കിൽ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ സ്ത്രീപ്രവേശനം നടന്ന ദിവസത്തെ സംഭവവികാസങ്ങളിൽ പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരാൾ ഇടപെട്ടുവെന്നാണ് പത്മകുമാർ അടുത്തിടെ ആരോപിച്ചത്. ഈ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത
ഇതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിന്റെ പശ്ചാത്തലത്തിൽ എ. പത്മകുമാറിനെതിരെ കൂടുതൽ കർശന നടപടി സ്വീകരിക്കാൻ സിപിഎം നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം.
ഇതു സംബന്ധിച്ച നിർണായക ചർച്ചകൾക്കായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. ജില്ലാ കമ്മിറ്റി രൂപീകരിച്ച കാലം മുതൽ അംഗമായിരുന്ന പത്മകുമാർ ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാളും മുൻ എംഎൽഎയുമാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിനും ശബരിമല സ്വർണക്കൊള്ള കേസിനും പിന്നാലെ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കർശന നടപടി സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുന്നത്.
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, പാർട്ടി സ്വീകരിക്കുന്ന അടുത്ത തീരുമാനം രാഷ്ട്രീയമായി ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.














Leave a Reply