ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങൾ; കൊടും ക്രൂരത നേരിട്ടെന്ന് ഭാര്യ

തൃശൂർ: ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭാര്യ പ്രിയങ്ക രംഗത്ത്. കഴിഞ്ഞ ദിവസം മതിലകം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകുമാറിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ അൽപം വൈകിയതിന്റെ പേരിൽ ശാരീരികമായി ആക്രമിച്ചുവെന്നാണ് പ്രിയങ്കയുടെ ആരോപണം. പരാതി നൽകിയതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകരിൽ നിന്ന് ഭീഷണിയും അധിക്ഷേപവും നേരിടേണ്ടി വരുന്നുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

പരസ്ത്രീബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രിയങ്ക പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിൽ നിന്ന് ആലയിലെ ശ്രീകുമാറിന്റെ വീട്ടിലേക്ക് തിരിച്ചെത്താൻ വൈകിയെന്ന കാരണത്താലാണ് മർദിച്ചതെന്നും മുടിയിൽ പിടിച്ച് വലിക്കുകയും ചുമരിൽ തല ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. മർദനത്തെ തുടർന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായും പ്രിയങ്ക വ്യക്തമാക്കി. ഇനി ശ്രീകുമാറിനൊപ്പം പോകില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *