മലപ്പുറം: വെള്ളിയാഴ്ച ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൊറയൂരിലെ 18കാരിക്കും എടക്കര സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒൻപതിന് കീഴാറ്റൂരിലെ വീട്ടമ്മ മരിച്ചത് ഷിഗെല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. നേരത്തെ, താഴെക്കോട്, പുളിക്കൽ, എടവണ്ണ പി.എച്ച്.സികളുടെ പരിധിയിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
നേരത്തെ രോഗം സ്ഥിരീകരിച്ച താഴേക്കോട് സ്വദേശിയായ 56കാരിയും പുളിക്കലിലെ രണ്ട് വയസ്സുള്ള കുട്ടിയും ചികിത്സയിൽ തുടരുകയാണ്. വീട്ടമ്മ മരിച്ച കീഴാറ്റൂർ നെല്ലൂരിലും പരിസരത്തും ആർക്കുംതന്നെ രോഗ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്.
പ്രദേശത്ത് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ സംബന്ധമായ അസുഖമായ ഷിഗെല്ല മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് കൂടുതലായും പകരുന്നത്. ബാക്ടീരിയ ശരീരത്തിനുള്ളിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ തലച്ചോറിനെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന അസുഖത്തെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വമാണ് ഏറ്റവും അഭികാമ്യം.














Leave a Reply