ആര്യാ രാജേന്ദ്രനുമായുള്ള വിവാദത്തിന് പിന്നാലെ യദുവിന് നിയമസഭയിൽ ജോലി

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ റോഡ് വിവാദത്തിലൂടെ ശ്രദ്ധേയനായ ഡ്രൈവർ യദുവിന് നിയമസഭ സെക്രട്ടേറിയറ്റിൽ താൽക്കാലിക ഡ്രൈവറായി നിയമനം ലഭിച്ചു. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ നൽകിയ ശുപാർശ കത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഗണിച്ചതിനെ തുടർന്നാണ് നിയമന നടപടി പൂർത്തിയായത്.

ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തെ തുടർന്ന് യദു വാർത്തകളിൽ നിറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ യദു മുൻ മേയർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കെ.എസ്.ആർ.ടി.സി സേവനത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

തുടർന്ന് യദു ഐ.എൻ.ടി.യു.സിയിൽ അംഗത്വം സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് തൊഴിൽ അവസരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ സ്പീക്കർക്ക് കത്ത് നൽകിയത്.

അഭ്യർഥന പരിശോധിച്ച ശേഷമാണ് യദുവിനെ നിയമസഭ സെക്രട്ടേറിയറ്റിൽ താൽക്കാലിക ഡ്രൈവറായി നിയമിക്കാൻ തീരുമാനമായത്. നിയമനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *