കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര വിദഗ്ധസംഘം കോഴിക്കോട് എത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവയിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും നിപ അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.
ഇതിനിടെ ആശ്വാസം പകരുന്ന വിവരമായി, രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ ഇല്ലെന്ന് കണ്ടെത്തിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവരെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരുടെയും ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ നിരീക്ഷണവും ആരോഗ്യ പരിശോധനകളും തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ക്യാമ്പ് ചെയ്യും. നിലവിലെ സാഹചര്യം വിശദമായി അവലോകനം ചെയ്ത് തുടർ നടപടികൾക്ക് നേതൃത്വം നൽകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.














Leave a Reply