തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കാനിരിക്കെ, പുരുഷന്മാർക്കും ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ രംഗത്ത്. സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ പുരുഷന്മാർക്കും സർക്കാർ ചില ഇളവുകൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ബസുകൾ തടയുകയോ സേവനങ്ങൾ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ഇത്തരം നടപടികൾ നിയമത്തോടും കെഎസ്ആർടിസിയോടും ഉള്ള അവഹേളനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും ബസുകൾ തടയുകയും ചെയ്യുമെന്ന മെൻസ് അസോസിയേഷൻ നേതാക്കളുടെ പ്രഖ്യാപനത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. ബസ് തടയൽ ഉൾപ്പെടെയുള്ള തീവ്ര സമരരീതികൾക്ക് മെൻസ് കമ്മീഷനോ മറ്റ് പുരുഷാവകാശ സംഘടനകളോ പിന്തുണ നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷന്മാർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നതിൽ പ്രതിഷേധവും നിരാശയും ഉണ്ടാകാമെങ്കിലും അതിന്റെ പേരിൽ നിയമവിരുദ്ധമായ മാർഗങ്ങൾ സ്വീകരിക്കരുതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. പുരുഷാവകാശ പ്രവർത്തനം സ്ത്രീകളെ എതിർക്കുകയോ ഫെമിനിസ്റ്റുകളെ ലക്ഷ്യമിടുകയോ ചെയ്യുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
അമിതവും അതിശയോക്തിപരവുമായ പ്രതികരണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആവശ്യങ്ങൾ മുന്നോട്ടുവെക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പുരുഷന്മാരുടെ സ്വകാര്യത ഉറപ്പാക്കുന്ന നിയമപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രവർത്തനം തുടരുകയാണെന്നും രാഹുൽ ഈശ്വർ അറിയിച്ചു. ലൈംഗികാരോപണ കേസുകളിൽ സ്ത്രീകളെ ‘അതിജീവിത’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ പുരുഷന്മാരെ ‘ആരോപിതൻ’ എന്ന് മാത്രം വിശേഷിപ്പിക്കണമെന്നും പേരുകൾ പുറത്തുവിടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ നിയമനിർമാണം വേണമെന്ന ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.














Leave a Reply