പുത്തിഗെ: പുത്തിഗെ ഗ്രാമപഞ്ചായത്തിലെ മുക്കാരിക്കണ്ടത്ത് നടന്ന മരംമുറി സംഭവവുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന സമരങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സുലൈമാൻ ഊജംപദവും കൺവീനർ അബ്ദുല്ല കണ്ടത്തിലും വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുക്കാരിക്കണ്ടത്ത് ഒരു സ്വകാര്യ വ്യക്തി തന്റെ പറമ്പിൽ മരംമുറിക്കുന്നതിനിടെ സമീപത്തെ പഞ്ചായത്ത് തോടിന്റെ അതിർത്തി പ്രദേശത്ത് നിന്നുള്ള മൂന്ന് മരങ്ങളും മുറിക്കപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
കുറ്റക്കാരെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിലേക്ക് ഭരണസമിതി മുന്നോട്ടുപോകുന്നതിനിടെയാണ് വസ്തുതകൾ മറച്ചുവെച്ച് വൈസ് പ്രസിഡന്റിന്റെ പേര് വലിച്ചിഴച്ച് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നതെന്നും അവർ ആരോപിച്ചു.
ദീർഘകാലം എൽ.ഡി.എഫ് ഭരിച്ചിരുന്ന പുത്തിഗെ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതി അധികാരത്തിലെത്തിയതുമുതൽ തുടർച്ചയായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം ഫയൽ നടപടികൾ വേഗത്തിലാക്കുകയും ജനകീയ ആവശ്യങ്ങളിൽ സമയോചിതമായി ഇടപെടുകയും ചെയ്യുന്നുണ്ടെന്നും യു.ഡി.എഫ് അവകാശപ്പെട്ടു.
ഭരണസമിതിക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും അംഗീകാരവുമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെ കാരണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സ്വന്തം പ്രവർത്തകരുടെ ഇടയിലും നിലവിലെ ഭരണസമിതിക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഡി.വൈ.എഫ്.ഐയെ അസ്വസ്ഥരാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.














Leave a Reply