കോഴിക്കോട്: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ സമീപനങ്ങൾ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ മുന്നണിക്ക് ഗുണകരമല്ലെന്നും അവ ഒടുവിൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുൽ ഗാന്ധിയെ നേരിൽ കാണുമ്പോൾ സാധാരണയായി കെട്ടിപ്പിടിക്കാറില്ല. കൈകൊടുക്കുകയോ അഭിവാദ്യം ചെയ്യുകയോ ആണ് പതിവ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുന്ന ഒരു ചിത്രം ഞാൻ കണ്ടിരുന്നു.
മോദിയെ കെട്ടിപ്പിടിച്ചതിൽ വ്യക്തിപരമായി എനിക്ക് എതിർപ്പൊന്നുമില്ല. പക്ഷേ അത്തരമൊരു ചിത്രം ഒരു പ്രത്യേക രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്. ‘ഇൻഡ്യ’ മുന്നണിയെ രാഹുൽ ഗാന്ധി എങ്ങനെ കാണുന്നു എന്നതിന്റെ സൂചനയായും അത് വിലയിരുത്താം’ പിണറായി വിജയൻ പറഞ്ഞു.
‘ഇൻഡ്യ’ മുന്നണി ഇന്ന് നേരിടുന്ന സാഹചര്യത്തിന് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുന്നണി യോഗങ്ങളിൽ ഇടതുപക്ഷ പാർട്ടികൾ മാത്രമല്ല, അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയും തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിയും ഉൾപ്പെടെയുള്ള കോൺഗ്രസിതര കക്ഷികളും കോൺഗ്രസിന്റെ സമീപനത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലവിലെ നിലപാടുകളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് പകരം ബി.ജെ.പിക്ക് സഹായകരമാകുന്ന സാഹചര്യം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും രാഹുൽ ഗാന്ധിയുടെ സമീപനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.














Leave a Reply