‘നിപ പ്രതിരോധം പാളിയിട്ടില്ല’; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. സാഹചര്യം വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ആരോഗ്യമന്ത്രി നാളെ കോഴിക്കോട് എത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടുവെന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ മന്ത്രി, “പാളാതെ പാളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല” എന്നായിരുന്നു പ്രതികരണം. സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ പ്രാഥമിക നടപടികളും സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും, മുൻ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ച കരാറിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാരും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻ സർക്കാർ മരവിപ്പിക്കാത്ത ഒരു പദ്ധതിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അതിൽ നിലവിലെ സാഹചര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാനാകുമെന്ന് പരിശോധിച്ചശേഷം തുടർ തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസം മാത്രം പൂർത്തിയാക്കിയ സർക്കാരിന് ചില പ്രായോഗിക പരിമിതികൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *