ശബരിമലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹത; സിബിഐ അന്വേഷണം വേണമെന്ന് അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമലയിൽ സ്വർണം കവർന്നെന്ന കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം (SASS) ദേശീയ ചെയർമാൻ ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയിട്ടും നിരവധി സംശയങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നും, ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ പവിത്രത സംരക്ഷിക്കുകയും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുകയും ചെയ്യേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയ്യപ്പ സേവാ സമാജം, ഭൂതനാഥ ട്രസ്റ്റ്, അഖില ഭാരത അയ്യപ്പ സേവാ സംഘം തുടങ്ങിയ അംഗീകൃത സംഘടനകൾക്ക് ദേവസ്വം ബോർഡിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് ഭക്തർക്കായി സേവന പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീർഥാടക സേവനങ്ങളുടെ വർധിച്ചുവരുന്ന വാണിജ്യവൽക്കരണത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ശബരിമലയെ വരുമാന സ്രോതസ്സായി കാണാതെ പുണ്യ തീർഥാടന കേന്ദ്രമായി പരിഗണിക്കണമെന്നും പറഞ്ഞു.

ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 81-ലധികം അയ്യപ്പ സേവാ കേന്ദ്രങ്ങളിലൂടെ സൗജന്യ അന്നദാനം, വിശ്രമ സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾ സംഘടന നൽകുന്നുണ്ടെന്നും, കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ 40 ലക്ഷത്തിലധികം ഭക്തർ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് അന്നദാന സേവനങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ ഭക്തരെ ബാധിക്കുന്നുണ്ടെന്നും, സുതാര്യമായ മാനദണ്ഡങ്ങളോടെ ഈ സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ തീർഥാടകർക്കായി സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി സേവനം മാത്രം മതിയാകുന്നില്ലെങ്കിൽ, അതിന്റെ മേൽനോട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണം ഉപയോഗപ്പെടുത്താമെന്നും അയ്യപ്പ സേവാ സമാജം അറിയിച്ചിട്ടുണ്ട്.

എരുമേലി, അഴുത, കരിമല വഴിയുള്ള പരമ്പരാഗത തീർഥാടന പാത ഉപയോഗിക്കുന്ന ഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും, നേരത്തെ ഉണ്ടായിരുന്ന കരിമല പാസ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 50 വർഷത്തെ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും സംഘടന നിർദേശിച്ചു.

തീർഥാടക സൗകര്യങ്ങൾ, ജനക്കൂട്ട നിയന്ത്രണം, ശുചിത്വം, ഗതാഗതം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കണം പദ്ധതി. പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് സുതാര്യവും സമയബന്ധിതവുമായ രീതിയിൽ അത് നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതൽ ഭക്തരെ ഉൾക്കൊള്ളാൻ കഴിയുന്ന ആധുനിക ക്യൂ മാനേജ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും, 500 പേർക്ക് ഇരിക്കാവുന്ന സൗകര്യത്തോടുകൂടിയ ക്യൂ കോംപ്ലക്‌സ് നിർമ്മിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കുടിവെള്ളം, ശൗചാലയങ്ങൾ, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവയും അവിടെ ലഭ്യമാക്കണമെന്ന് നിർദേശിച്ചു.

ശബരിമല സന്ദർശകരുടെ എണ്ണം വർഷംതോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ ദീർഘകാല അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സംഘടന, ക്ഷേത്ര വിഭവങ്ങളുടെ സുതാര്യമായ വിനിയോഗം ഉറപ്പാക്കുന്ന ദേശീയ ക്ഷേത്ര ഭരണ ചട്ടക്കൂട് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, അംഗീകൃത അയ്യപ്പ സംഘടനകളുടെ പ്രതിനിധികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്വതന്ത്ര ശബരിമല അതോറിറ്റി രൂപീകരിക്കണമെന്നും സംഘടന നിർദേശിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം ബോർഡ്, ദേവസ്വം മന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ദേവസ്വം ബെഞ്ച്, സ്പെഷ്യൽ കമ്മീഷണർ തുടങ്ങിയവർക്കു നിവേദനം സമർപ്പിക്കുമെന്നും ആർ. മുരുകൻ സെൽവൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *