കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി ലോക്സഭയിലെ മുതിർന്ന നേതാവും ദീർഘകാല വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തോട് ചേർന്നതായാണ് പുറത്തുവരുന്ന വിവരം.
തൃണമൂലിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ് ഡൽഹിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഈ ചർച്ചകളുടെ ഭാഗമായിരുന്നുവെന്നാണ് സൂചന.
മമത ബാനർജിക്കെതിരെ നിലപാട് സ്വീകരിച്ച വിമത എംപിമാർ പാർലമെന്റിൽ പ്രത്യേക വിഭാഗമായി അംഗീകാരം തേടിയപ്പോൾ ആദ്യം സുദിപ് ബന്ദോപാധ്യായ് ആ നീക്കത്തിൽ പങ്കാളിയായിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം കൂടി വിമതപക്ഷത്തോട് ചേർന്നതോടെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.
സുദിപിന്റെ പിന്തുണ ലഭിച്ചതോടെ ലോക്സഭയിൽ വിമത എംപിമാരുടെ എണ്ണം 20 ആയി. ആകെ 29 എംപിമാരുള്ള തൃണമൂൽ കോൺഗ്രസിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ വിമതർക്കു ലഭിച്ചതായാണ് വിലയിരുത്തൽ.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി വർഷങ്ങളോളം പ്രവർത്തിച്ച സുദിപ് ബന്ദോപാധ്യായ് മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാട് മാറ്റം പാർട്ടിക്കുള്ളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് തൃണമൂലിൽ ഭിന്നത ശക്തമായത്. ലോക്സഭാ സ്പീക്കർ ഓം ബിർളയെ സമീപിച്ച് തങ്ങളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്നും സഭയിൽ എൻഡിഎ അംഗങ്ങൾക്കൊപ്പം ഇരിക്കാൻ അനുമതി നൽകണമെന്നും വിമത വിഭാഗം ആവശ്യപ്പെടാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.















Leave a Reply