ടെഹ്റാൻ: അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9ന് നടത്തുമെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാര തീയതി 106 ദിവസങ്ങൾക്ക് ശേഷമാണ് പുറത്തുവിട്ടിരിക്കുന്നത്.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംസ്കാര തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നയതന്ത്ര ധാരണയ്ക്ക് സാധ്യത വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി ഇറാൻ മുന്നോട്ടുവന്നതെന്നാണ് സൂചനകൾ.
ഖമനേയിയുടെ സംസ്കാരം ഇത്രയും നാൾ വൈകാൻ പ്രധാന കാരണം സുരക്ഷാ ആശങ്കകളായിരുന്നുവെന്നാണ് വിലയിരുത്തൽ. സംസ്കാര ചടങ്ങുകൾക്കിടെ ആക്രമണ സാധ്യത നിലനിന്നിരുന്ന സാഹചര്യത്തിൽ വൻ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സുരക്ഷാ വെല്ലുവിളിയാകുമെന്ന ആശങ്ക ഭരണകൂടത്തിനുണ്ടായിരുന്നു.
ഖമനേയിയുടെ മരണത്തിന് പിന്നാലെ മാർച്ച് 8ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇപ്പോൾ അന്തിമകർമങ്ങൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് വീണ്ടും വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.















Leave a Reply