ആലപ്പുഴ: മഴ കനത്തതോടെ ജില്ലയിൽ വയറിളക്കം ഉൾപ്പെടെ ജലജന്യരോഗങ്ങൾ പെരുകുന്നു. ജില്ലയിൽ കഴിഞ്ഞ 12 ദിവസത്തിനിടെ 1780 പേരാണ് വയറിളക്കത്തിന് മാത്രം ചികിത്സതേടിയത്. ജൂൺ ഒന്ന് മുതൽ വെള്ളിയാഴ്ചവരെ സർക്കാർ ആശുപത്രിയിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികൾകൂടി കൂട്ടിയാൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. വെള്ളത്തിൽനിന്നാണ് ഭൂരിഭാഗം പേർക്കും രോഗം ബാധിച്ചതെന്നാണ് നിഗമനം. പലരും നിസ്സാരമായി കാണുന്ന രോഗാവസ്ഥയാണ് വയറിളക്കം. പെട്ടെന്നുണ്ടാകുന്ന വയറിളക്കത്തിന് കാരണം ഭക്ഷ്യവിഷബാധയാകാം. വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുന്ന പുറമേനിന്നുള്ള ഭക്ഷണം കഴിക്കുന്നതാണ് പ്രശ്നം. 90 ശതമാനം വയറിളക്കവും വിദഗ്ധ ചികിൽസ തേടിയാൽ ഒരാഴ്ചക്കുള്ളിൽ മാറും. സാധാരണയായി വയറിളക്കം രണ്ടുരീതിയിലാണ് കണ്ടുവരുന്നത്. അണുബാധ മൂലവും ബാക്ടീരിയ അല്ലെങ്കിൽ വൈറസ് മൂലവും ഉണ്ടാകുന്ന അക്യൂട്ട് ഡയറിയ മൂന്നാഴ്ചയിൽ അധികം നീണ്ടുനിൽക്കാറില്ല. മൂന്നാഴ്ചയിലധികം നീളുന്ന വയറിളക്കം ക്രോണിക് ഡയേറിയ എന്നാണ് അറിയപ്പെടുന്നത്.
ഷിഗെല്ല ബാധിച്ചത് കുട്ടികളടക്കം ഏഴുപേർക്ക്
ആലപ്പുഴ: ഡെങ്കിപ്പനിയും ഷിഗല്ലയുമാണ് ഭീതിപടർത്തുന്നത്. ജില്ലയിൽ ഇതുവരെ കുട്ടികളടക്കം ഏഴുപേർക്കാണ് ഷിഗെല്ല പിടിപെട്ടത്. ഇതിൽ ആറുപേർ ആറാട്ടുപുഴയിലും ഒരാൾ കോടംതുരുത്തിലുമാണ്. ആറാട്ടുപുഴ മേഖലയിലെ സ്കൂളുകളും അംഗൻവാടികളും തുറക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. കുട്ടികളിൽ വയറിളക്കരോഗം വ്യാപകമാകുകയും ഷിഗെല്ല സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈമാസം 15വരെ സ്കൂൾ തുറക്കൽ നീട്ടിയത്.
ആറാട്ടുപുഴ പ്രദേശത്ത് കുട്ടികൾക്ക് മാരകമായ ബാക്ടീരിയൽ അണുബാധയായ ഷിഗെല്ല രോഗലക്ഷണമാണ് കണ്ടെത്തിയത്. മോശം ഭക്ഷണം, കുടിവെള്ളം എന്നിവയിൽനിന്നാണ് രോഗവ്യാപനമുണ്ടായത്. ജല അതോറിറ്റി നൽകുന്ന കുടിവെള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, അതുതന്നെയാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല. ശക്തമായ പനി, വയറുകടി, വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണമുള്ളവർ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്.
ഡെങ്കിപ്പനി ബാധിച്ച് വള്ളികുന്നത് വയോധികൻ മരിച്ചിരുന്നു. ഇതിന് പിന്നാലെ വള്ളികുന്നം പഞ്ചായത്തിൽ നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പാലമേലിൽ നാലും അരൂക്കുറ്റി, എടത്വ, അരൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗംപിടിപെട്ടു. രണ്ടുപേർ ഡെങ്കിപ്പനി ലക്ഷണത്തോടെയും ചികിത്സ തേടി. ഇൻഫ്ലുവൻസ വൈറസ് സാന്നിധ്യവും ജില്ലയിൽ കൂടുകയാണ്. 13 പേർക്കാണ് രോഗം പിടിപെട്ടത്.














Leave a Reply