ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ചു, കാട്ടാക്കടയിൽ ബേക്കറി അടപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കാട്ടാക്കട സ്വദേശിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ബന്ധപ്പെട്ട സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. കടയിൽ ഉപയോഗിച്ച വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്.

സാമ്പിളിന്റെ പരിശോധനാഫലം പോസിറ്റീവായതോടെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി കൂടുതൽ പരിശോധനകളും പ്രതിരോധ നടപടികളും ആരംഭിച്ചു. പ്രദേശത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങൾ:

കുടിവെള്ളത്തിനായി എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. തുറന്നുവെച്ച ഭക്ഷണങ്ങളും പഴകിയ ജ്യൂസുകളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.

വിട്ടുമാറാത്ത പനി, വയറുവേദന, രക്തം കലർന്ന വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *